ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ മണിക്കൂറുകളിൽ നടന്നത് ഏകാധിപത്യത്തിന്റെ പ്രകടനമാണെന്നും സമാധാനപരമായി പ്രതിഷേധിക്കാനെത്തിയവരെ ക്രൂരമായി മർദിച്ചെന്നും നേതാക്കൾ ആരോപിച്ചു.
അടിയന്തരാവസ്ഥയെക്കുറിച്ച് കേട്ടതിനേക്കാൾ ഗുരുതരമായ സംഭവങ്ങളാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നതെന്നും സിജെപി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്നും രാജ്യത്ത് ഇതുവരെ കാണാത്ത കാഴ്ചകളാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും സിജെപി ആരോപിച്ചു.
കോ-കൺവീനർമാരായ അശുതോഷ് റാങ്ക, സൗരവ് ദാസ്, ലീഗൽ ഹെഡ് രത്ന സിംഗ്, പോളിസി ലീഡ് മെഹർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണമായും ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. വിമാനത്തിൽ കയറി തങ്ങളെ ബലമായി പിടിച്ചുകൊണ്ടുപോയതാണെന്നും അവർ പറഞ്ഞു.
അഭിജീത് ദീപ്കെയുടെ മുത്തശ്ശി മരിച്ച വിവരം അറിയിച്ചപ്പോൾ പോലും പൊലിസ് മോശമായി പെരുമാറിയെന്നും മാതാപിതാക്കളോട് സംസാരിക്കാൻ അനുവദിച്ചില്ലെന്നും നേതാക്കൾ ആരോപിച്ചു. പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്നും മോദിയും അമിത് ഷായും തലകുനിക്കേണ്ടിവരുമെന്നും സൗരവ് ദാസ് പറഞ്ഞു. പ്രധാനമന്ത്രി സ്വന്തം അമ്മയുടെ മരണം രാഷ്ട്രീയ പരിപാടിയാക്കിയതുപോലെ അഭിജീത് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും സൗരവ് ദാസ് ആരോപിച്ചു. വിമാനത്തിൽ യാത്രക്കാരെ കയറ്റുന്നതിനുള്ള സ്റ്റെയർകേസ് ബന്ധിപ്പിക്കുന്നതിന് മുമ്പുതന്നെ പൊലിസ് അതിനുമുകളിൽ ഉണ്ടായിരുന്നുവെന്നും നേതാക്കൾ ആരോപിച്ചു. വിജയ് മല്യയെ വിമാനത്തിൽ രക്ഷപ്പെടാൻ സഹായിച്ചവരാണ് ഇതിന് പിന്നിലെന്നും അവർ വിമർശിച്ചു.
വനിതാ പൊലീസിനെ ഉപയോഗിച്ചാണ് തങ്ങളുടെ ഫോണുകൾ പിടിച്ചെടുത്തതെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും സൗരവ് ദാസ് ആരോപിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശങ്ങൾ പോലും ലംഘിക്കപ്പെട്ടുവെന്നും പിടിച്ചെടുത്ത ഫോണുകൾ ഉപയോഗിച്ച് എന്തെങ്കിലും കൃത്രിമം നടത്തിയിട്ടുണ്ടാകുമോ എന്ന് ആശങ്കയുണ്ട്.
നേരത്തേ ആക്ടിവിസ്റ്റുകളുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നടത്തിയതായി ആരോപിക്കപ്പെട്ട നടപടികൾ ആവർത്തിച്ചിട്ടുണ്ടാകാമെന്ന ആശങ്കയും നേതാക്കൾ പങ്കുവെച്ചു. ഫോണുകളുടെ ഫോറൻസിക് പരിശോധനയുമായി ബന്ധപ്പെട്ട് ഹാഷ് വാല്യൂ ഉൾപ്പെടെയുള്ള വിവരങ്ങൾ ആവശ്യപ്പെട്ടിട്ടും ലഭിച്ചിട്ടില്ലെന്നും സൗരവ് ദാസ് ആരോപിച്ചു.